ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫോട്ടോഫിനിഷ് പ്രവചിച്ച് പുതിയ എക്സിറ്റ്പോള്‍ ഫലം. ബുധനാഴ്ച പുറത്തുവന്ന ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍ ഫലത്തിലാണ് ബിഹാറില്‍ ഫോട്ടോഫിനിഷാകുമെന്ന് പ്രവചിച്ചിരിക്കുന്നത്.
ബിഹാറില്‍ എന്‍ഡിഎ 121 മുതല്‍ 141 വരെ സീറ്റുകള്‍ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ്പോള്‍ ഫലം. മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി ഒരുസീറ്റ് മാത്രമാണ് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്.
ആകെ വോട്ടുവിഹിതത്തില്‍ എന്‍ഡിഎയ്ക്ക് ഇത്തവണ 43 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. മഹാസഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.
243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം. കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നു.